സെന്റ് മേരീസ് ചർച്ച്
പല്ലിയറ
സ്ഥലനാമം
""പളളി''എന്ന വാക്കിന് ബുദ്ധ, ക്രിസ്തു, ഇസ്ലാം മതവുമായി മാത്രമല്ല ബന്ധമുള്ളത്, ഗ്രാമം, കാട്ടുജാതിക്കാരുടെ കോളനി, കുടിൽ എന്നൊക്കെ അർത്ഥമുണ്ട്. പല്ലി എന്നാൽ ഗ്രാമത്തിന്റെ പകുതി എന്ന അർത്ഥം കൂടിയുള്ളതിനാൽ പളളിയറ എന്ന നാമത്തിന്റെ പൊരുളറിയാൻ പ്രയാസമില്ല. പളളിയറയിൽ നിന്ന് രൂപാന്തരപ്പെട്ടതാണ് പല്ലിയറ.
ആദ്യനാളിൽ
അഗളി ഇടവകയുടെ ഭാഗമായിരുന്ന പല്ലിയറ ദേശത്തുള്ളവർക്ക് വർഷക്കാലത്ത് 5 കിലോമീറ്റർ മലയിറങ്ങി നടന്നുവന്ന് ആരാധനയിൽ സംബന്ധിക്കുവാൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ വളരെ പ്രയാസമായിരുന്നു. ജനത്തിന്റെ യാത്രാക്ലേശം പരിഗണിച്ച് ബഹു. ജോസ് കല്ലുവേലിലച്ചൻ അഭിവന്ദ്യ പിതാവിന്റെ അനുമതിയോടെ പല്ലിയറ പള്ളി പണിയുവാൻ 50 സെന്റ് സ്ഥലം 1985 സെപ്റ്റംബർ 19-ന് രജിസ്റ്റർ ചെയ്തു വാങ്ങി. 415/85 കല്പനപ്രകാരം പല്ലിയറയിൽ ദൈവാലയ നിർമ്മാണത്തിന് രൂപത കാര്യാലയത്തിൽ നിന്ന് അനുവാദം ലഭിച്ചു. 1986 ഒാഗസ്റ്റ് 15-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പല്ലിയറ സെന്റ് മേരീസ് പള്ളിക്ക് തറക്കല്ലിടുകയും 1987 ജൂലൈ 25-ന് അതിന്റെ വെഞ്ചെരിപ്പുകർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1995 മുതൽ പല്ലിയറയിൽ സെമിത്തേരിക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു. പല്ലിയറ പള്ളി അഗളി ഇടവകയുടെ സ്റ്റേഷൻ പള്ളിയായതുകൊണ്ട് അഗളി ഇടവകയിലെ വൈദികരാണ് ഇവിടുത്തെ ആദ്ധ്യാത്മിക ശുശ്രൂഷകൾ നടത്തിവരുന്നത്.
രജതജൂബിലി
ബഹു. ആന്റണി നെടുമ്പുറത്തച്ചൻ വികാരിയായിരുന്നപ്പോൾ പള്ളിയോട് ചേർന്ന് പള്ളിമുറി കൂട്ടിച്ചേർക്കുകയും 2004 ജൂലൈ 3-ാം തീയതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. 346/2011-12.07.2011 ലെ കല്പനപ്രകാരം ബഹു. റോയി കിഴക്കേടത്തച്ചന്റെ നേതൃത്വത്തിൽ മദ്ബഹ നവീകരിക്കുകയും 2011 സെപ്റ്റംബർ 11-ാം തീയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചരിക്കുകയും ചെയ്തു. അന്നുതന്നെ ദൈവാലയത്തിന്റെ രജതജൂബിലി വർഷാഘോഷങ്ങൾക്ക് പിതാവ് തിരിതെളിച്ചു. ജൂബിലി സമാപനം 2012 ഏപ്രിൽ 28 നായിരുന്നു. രൂപത വികാരി ജനറാൾ ബഹു. മോൺ. ജോസഫ് ചിറ്റിലപ്പള്ളിയച്ചൻ ഇൗ ജൂബിലി സമാപന പരിപാടികൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നാലാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ മതബോധന ക്ലാസ്സുകൾ ഇവിടെയും മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് അഗളിയിലുമാണ് ക്ലാസ്സുകൾ നടക്കുന്നത്. ജൂബിലിയുടെ നിറവിൽ സർവ്വേശ്വരന് നന്ദിയർപ്പിച്ചുകൊണ്ട് മത സൗഹാർദ്ദത്തിലും കൂട്ടായ്മയിൽ പല്ലിയറ സെന്റ് മേരീസ് ഇടവകാംഗങ്ങൾ പ്രയാണം തുടരുന്നു. |