സെന്റ് ജോസഫ്സ് ചർച്ച്
മൂച്ചംകുണ്ട്
സ്ഥലനാമം
കേരളത്തിലെ വലിയ പഞ്ചായത്തുകളിലൊന്നായ "മുതലമട'യിലാണ് മൂച്ചംകുണ്ട് സ്ഥിതിചെയ്യുന്നത്. തമിഴരും മലയാളികളും ഒരുപോലെ പാർക്കുന്ന ഇൗ പ്രദേശത്തിന്റെ സംസ്കാരം കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. കൃഷിയും പശുവളർത്തലുമാണ് പ്രധാന വരുമാനമാർഗ്ഗം. കൂടാതെ തെങ്ങിൻ തോപ്പുകളും മാവ് (മൂച്ചി) എസ്റ്റേറ്റുകളും ഇവിടെ ധാരാളമുണ്ട്. വൃക്ഷസസ്യാദികളുടെ അടിസ്ഥാനത്തിൽ സ്ഥലപ്പേരുകൾ രൂപം കൊണ്ടിട്ടുണ്ട്. മാവിൻതോപ്പുകൾ ധാരാളമുളളത് കൊണ്ടാണ് മൂച്ചംകുണ്ട് എന്ന പേരുണ്ടായത്. വൃക്ഷനാമത്തോട് ചേർന്ന് വേറെയും സ്ഥലങ്ങൾ പാലക്കാടുണ്ട്. പാലക്കാട്, അത്തിപ്പറ്റ, അയിനക്കാട്, ആലംപള്ള, പനയൂർ, പരുത്തിപ്പുള്ളി, പരുത്തിക്കാട്, നെല്ലിയാമ്പതി, പുളിനെല്ലി എന്നിവ അതിൽ കുറച്ചുമാത്രമാണ്.
ആദ്യനാളുകൾ
കൊല്ലംങ്കോട് പളളിയിലാണിവർ അദ്ധ്യാത്മിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1981-ൽ എം.എസ്.റ്റി അച്ചന്മാർ മൂച്ചംകുണ്ടിൽ ഒരു തോട്ടം വാങ്ങി ഭവനം ആരംഭിച്ചു. അവിടെ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസികൾ ഉത്സാഹത്തോടെ വന്നുതുടങ്ങി. ഇതാണ് ഇടവകയുടെ ആരംഭം. ബഹു. കൊച്ചയങ്കനാൽ അച്ചനായിരുന്നു അതിന് തുടക്കം കുറിച്ചത്. ബഹു. സെബാസ്റ്റ്യൻ വാരിക്കാട്ടച്ചൻ ചാർജ്ജെടുക്കുമ്പോൾ ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, ഫാ.ജെയിംസ് കുരുകിലാംകാട്ട്, ഫാ. കുര്യൻ കുന്നുംപുറം മുതലായ കൊച്ചച്ചന്മാരും സഹായത്തിനുണ്ടായിരുന്നു. ദിവ്യബലിക്കുശേഷമുള്ള സൗഹൃദ കൂട്ടായ്മയിൽ"സ്വന്തമായി ദൈവാലയം' എന്നതും ചർച്ചാവിഷയമായിരുന്നു. മൂലമറ്റംകാരനായ ശ്രീ. ജോസ് തണ്ണിപ്പാറയിൽ മൂച്ചംകുണ്ട് റോഡരികിലുള്ള അര ഏക്കർ സ്ഥലം പള്ളിക്ക് ദാനമായി നൽകി.
പുതിയ പളളി
1992 ജൂൺ 22-ന് അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവ് സെന്റ് ജോസഫ് പളളിക്ക് തറക്കല്ലിട്ടു. ഫാ. സിറിയക് വഞ്ചിപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ 1993 ആഗസ്റ്റ് മാസത്തിൽ പള്ളിപണി ആരംഭിച്ചു.രൂപതയിൽ നിന്നുളള സഹായത്തോടൊപ്പം ഇൗ പ്രദേശത്തുണ്ടായിരുന്ന പതിന്നാലു കത്തോലിക്കാകുടുംബങ്ങൾ ആളുകൊണ്ടുംഅർത്ഥംകൊണ്ടും സജീവമായി സഹകരിച്ചു. അങ്ങനെ 1994 മെയ് 1-ാം തിയ്യതി പണി പൂർത്തിയായ ദൈവാലയത്തിന്റെ കൂദാശകർമ്മം അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവ്വഹിച്ചു. മൂച്ചംകുണ്ടിൽ നിന്നും 5 കിലോമീറ്റർ ദൂരെയായി ചെമ്മണാംപതിയിൽ ക്ലാരമഠക്കാരുടെ സെന്റ് ക്ലെയേഴ്സ് ഭവനം 1996 മാർച്ച് 11-ന് ആരംഭിച്ചു.
25.5.1999-ൽ വികാരിയായി ചാർജെടുത്ത ബഹു. വർഗീസ് അരുമച്ചാടത്ത് അച്ചൻ കൃഷിക്കാരുടെ ഉന്നമനത്തിനായി "മുതലമട ആഗ്രോ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി' (ങഅജട) എന്ന പേരിൽ സംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ബഹു. ഫ്രാൻസീസ് തോട്ടുമാരിയ്ക്കലച്ചന്റെ കാലത്ത് പള്ളിയുടെ മുന്നിൽ കുരിശടി നിർമ്മിക്കുകയും സെമിത്തേരി അംഗീകാരത്തിനുളള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ബഹു. ആന്റണി പേടിക്കാട്ടുകുന്നേൽ അച്ചന്റെ നേതൃത്വത്തിലാണ് പാരീഷ് ഹാൾ, പളളിമുറി, സെമിത്തേരി, പള്ളിയുടെ സീലിംഗ് എന്നിവ പൂർത്തിയാക്കിയത്. ബഹു. അച്ചൻ തുടങ്ങിവെച്ച പള്ളിയുടെ മുഖവാരത്തിന്റെ പണി ബഹു. ആന്റണി വാഴത്തറ മുഴുവനാക്കി. 2011 ഏപ്രിൽ 28-ന് രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ അതിന്റെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. സ്ഥിരതാമസക്കാരായ ഇടവകക്കാർ വിരളമെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുളളവരുടെ മാവ്, തെങ്ങ് മുതലായ തോട്ടങ്ങൾ ധാരാളമുണ്ട്. എല്ലാ വർഷവും മെയ് 1-ന് ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ കൊണ്ടാടുന്നു. |