സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് ഫൊറോന ചർച്ച്
മംഗലംഡാം
ദേശപശ്ചാത്തലം
മംഗലം പുഴയുടെ പോഷക നദിയായ ചെറുകുന്നത്ത് പുഴക്ക് കുറുകെയുളള ഡാം പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നാണ്. 1956 സെപ്റ്റംബർ 26-ന് ഡാം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ 3440 ഹെക്ടർ സ്ഥലം രണ്ടാം വിള നെൽകൃഷിക്ക് ഉപയോഗപ്പെട്ടു. ഡാമിന്റെ പേരുതന്നെ ഇൗ പ്രദേശത്തിന് ലഭിച്ചു. ഇവിടുത്തെ കൈ്രസ്തവരുടെ ആത്മീയ ജീവിതത്തിന്റെ ഹൃദയമായ സെന്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന പളളിയുടെ ചരിത്രം ഇവിടുത്തെ കുടിയേറ്റത്തിന്റെ ചരിത്രം കൂടിയാണ്. സുറിയാനിക്കാരായ കുടിയേറ്റക്കാർ വണ്ടാഴിയിലെ തമിഴ് ലത്തീൻ പളളിയിലും മേലാർകോട് പള്ളിയിലുമാണ് ആത്മീയ കാര്യങ്ങൾ നിർവ്വഹിച്ചു പോന്നത്. 1955-ൽ പാലക്കാട് പ്രദേശം തൃശൂർ രൂപതയുടെ മിഷൻ പ്രദേശമായി മാറിയതോടെ ഇളവംപാടത്ത് പളളി പണിത് 1959 ജൂലൈ 3-ന് കൂദാശ ചെയ്യപ്പെട്ടു.
മഠം കപ്പേളയും ഇടവക പളളിയും
മംഗലംഡാം പ്രദേശത്തെ കൈ്രസ്തവ സാന്നിധ്യം സജീവമാകുന്നത് സി.വി.എം. മാനേജ്മെന്റിന്റെ കീഴിലുണ്ടായിരുന്ന പ്രാഥമിക വിദ്യാലയം 1964 ൽ ഫ്രാൻസിക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ഏറ്റെടുത്തതോടെയാണ്. ആ വർഷം തന്നെ ബഹു. സിസ്റ്റേഴ്സ് അവിടെ മഠം സ്ഥാപിച്ചു. മഠം ചാപ്പലിന്റെ വെഞ്ചെരിപ്പുകർമ്മം 1966 നവംബർ 14-ന് തൃശൂർ ബിഷപ്പായിരുന്ന മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് നിർവ്വഹിച്ചു. അന്നുമുതൽ മഠം കപ്പേളയാണ് മംഗലംഡാം ഇടവകപളളിയായി ഉപയോഗിച്ചിരുന്നത്. ഇടവകപളളിയിലെന്നപോലെ എല്ലാ പ്രവർത്തനങ്ങളും ഇൗ മഠം കപ്പേളയോട് ചേർന്ന് നടത്തിയിരുന്നു. ഇളവംപാടം പളളിയിലെ ബഹു. അച്ചന്മാരാണ് ഇവിടുത്തെ ചുമതല വഹിച്ചിരുന്നത്്.
1974-ൽ പാലക്കാട് രൂപതനിലവിൽ വന്നു. മംഗലംഡാം, പൊൻകണ്ടം, കരിങ്കയം പളളികളുടെ വികാരിയായി ബഹു. ജേക്കബ് പനയ്ക്കലച്ചൻ 1975 ജൂൺ 18-ൽ നിയമിതനായി. ലൂർദ്ദ് മാതാ സ്കൂളിനോട് ചേർന്നുളള കെട്ടിടം വൈദിക മന്ദിരമായി ഉപയോഗിക്കുകയും ചെയ്തു. മംഗലംഡാമിൽ സെമിത്തേരി വേണമെന്ന ആവശ്യം ശക്തമാവുകയും അഭിവന്ദ്യപിതാവ് അനുവാദം നൽകുകയും ചെയ്തു. ശ്രീമാൻ കിഴക്കൂടൻ കുര്യൻ ദാനമായി തന്ന 50 സെന്റ് സ്ഥലത്ത് കൂട്ടായ ശ്രമഫലമായി സെമിത്തേരി നിർമ്മിച്ചു. 1976 ഏപ്രിൽ 17-നു ആദ്യ ശവസംസ്ക്കാരം നടത്തപ്പെട്ടു.
ഇടവക പളളി
സ്വന്തമായ ദൈവാലയം അനിവാര്യമാണെന്ന് ഇടവകാംഗങ്ങൾക്ക് ബോദ്ധ്യമായി. പളളിയ്ക്ക് അനുയോജ്യമായതിനാൽ സെമിത്തേരിയോട് ചേർന്ന സ്ഥലം വാങ്ങിച്ചു. കുന്നുപ്രദേശം ഇടവകക്കാർ ശ്രമദാനമായി നിരപ്പാക്കി. 1978 ്രെബഫുവരി 12-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പളളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ഇടവകക്കാരുടെ സാമ്പത്തിക സംഭാവന, ശ്രമദാനം എന്നിവയ്ക്ക് പുറമെ സ്ഥാപനങ്ങളും പളളികളും വ്യക്തികളും ഇൗ ഉദ്ദ്യമത്തിൽ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. "ജോൺ ബെഡ്നർ' എന്ന വിദേശ ഉപകാരിയെ ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. കടബാധ്യതയോടെയാണെങ്കിലും ഒരുകൊല്ലത്തിനുള്ളിൽ പള്ളിപണി പൂർത്തിയായി.1978 ഡിസംബർ 16-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളി വെഞ്ചെരിച്ച് ബലിയർപ്പിച്ചു. പളളിയോട് ചേർന്നുളള ചെറിയ മുറിയിലായിരുന്നു വികാരിയച്ചൻ താമസിച്ചിരുന്നത്. 1981 ജനുവരി 3-ന് വികാരിയായി സ്ഥാനം ഏറ്റെടുത്ത ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചൻ രൂപതയിലെ സാമൂഹിക പ്രവർത്തന ഡയറക്ടറായതിനാൽ 1981 ഒാഗസ്റ്റ് മാസത്തിൽ സ്ഥലം മാറിപ്പോയി.
1981-ൽ വികാരിയായിരുന്ന ബഹു. തോമസ് തെക്കേമുറിയച്ചൻ ഇടവക കൂട്ടായ്മയിലേക്ക് ധാരാളം കുടുംബങ്ങളെ ഉൾച്ചേർക്കുകയും നാനാവിധമായ പുരോഗതിക്ക് കളമൊരുക്കുകയും ചെയ്തു. 1983 നവംബർ 7-ൽ ബഹു. മാത്യു അറയ്ക്കത്തോട്ടം ഇടവകയുടെ വികാരിയായി നിയമിതനായി. 1984-85 കാലത്ത് പളളി നട പണിത് മനോഹരമാക്കുകയും 1986-ൽ പളളി റോഡ് ടാർ ചെയ്യിക്കുകയും ചെയ്തു. 1987-ൽ ശ്രീ. ഇബ്രാഹിം ദാനമായി തന്ന സ്ഥലത്ത് കിണർ കുഴിച്ച് പളളിയിലെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കി. 1988-ൽ വൈദികമന്ദിരത്തിന്റെ പണിയും ആരംഭിച്ചു.
1989 ്രെബഫുവരി 9-ൽ ഫാ. ജോസ് പൊട്ടേപറമ്പിൽ വികാരിയായി ചാർജ്ജെടുത്തു. സെന്റ് ഫ്രാൻസീസ് സേവ്യർ പളളി വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനോടൊപ്പം അവരുടെ ഭൗതിക പുരോഗതിക്കും മുൻഗണന നൽകി പ്രവർത്തിച്ചുവന്നു. ഇടവക മുൻകൈ എടുത്ത് സംഘടിപ്പിച്ച ""മംഗലംഡാം വികസനസമിതി'' കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ ബ്യഹത്തായ ശുദ്ധജലവിതരണ പദ്ധതി ഇൗ കാലഘട്ടത്തിലെ എടുത്തുപറയാവുന്ന ഒന്നാണ്. കുടിവെളളത്തിനുവേണ്ടി അലഞ്ഞിരുന്ന മുപ്പത്തി അഞ്ചാം ബ്ലോക്ക് ഭാഗത്തെ നാനാജാതിക്കാരായ അമ്പതോളം കുടുംബങ്ങൾ ഇതിന്റെ പ്രയോജനം അനുഭവിച്ചുവരുന്നു. ശ്രീ. ഫ്രാൻസിസ് മേലിട്ട് ദാനമായി നൽകിയ സ്ഥലത്താണ് കുഴൽകിണർ കുഴിച്ചത്.
പുത്തൻ കാൽവെപ്പ്
1992 ജനുവരി 30-ന് ബഹു. ജോർജ്ജ് മാളിയേക്കൽ അച്ചൻ വികാരിയായി വന്നപ്പോൾ മതബോധനം വളരെ സജീവമാക്കി. മനോഹരമായ പാരിഷ്ഹാൾ പണിയുവാൻ അദ്ദേഹം നേതൃത്വം നൽകി.1997 ഏപ്രിൽ 30-ന് വികാരിയായി ചാർജ്ജെടുത്ത ബഹു. തോമസ് വടക്കഞ്ചേരി അച്ചൻ ഇടവക നവീകരണ ധ്യാനങ്ങളിലൂടെ ഇടവകയുടെ ആദ്ധ്യാത്മിക വളർച്ചയ്ക്ക് ആക്കംകൂട്ടി. ബഹു. ജോസ് കുളമ്പിൽ അച്ചൻ വികാരിയായിരുന്നപ്പോൾ കാലഘട്ടത്തിന്റെ വെല്ലുവിളികളും സാധ്യതകളും സമന്വയിപ്പിക്കാനുളള ശ്രമമാണ് ഇടവക സമൂഹം ഏറ്റെടുത്തത്. അതിനാൽ പളളിയോട് ചേർന്ന് മൂന്ന് ഏക്കർ സ്ഥലം വാങ്ങി. നാടിന്റെ വളർച്ചയ്ക്ക് ഗുണമേന്മയേറിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുവാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന സഭയുടെ കാഴ്ച്ചപ്പാട് നടപ്പാക്കാൻ ബഹു. അച്ചൻ മുൻകൈയെടുത്തു. നിലവിലുള്ള പാരീഷ്ഹാളിൽ ക്ലാസ്സുകൾ ആരംഭിച്ചു. വളരെയേറെ പ്രതിസന്ധികൾ തരണംചെയ്തിട്ടാണ് പുതിയ സ്ഥലത്ത് സ്കൂൾ കെട്ടിടനിർമ്മാണം ആരംഭിച്ചത്. സി.ബി.എസ്.ഇ. സിലബസ്സ് അനുസരിച്ചുള്ള ക്ലാസ്സുകൾ തുടർന്നു.
സ്ക്കൂളിന് ഇആടഋ അംഗീകാരം
ബഹു. കുളമ്പിലച്ചന്റെ തെളിവാർന്ന ലക്ഷ്യബോധവും കമ്മിറ്റിയംഗങ്ങളുടെ കഠിനാധ്വാനവും ഒത്തിണങ്ങിയപ്പോൾ സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിന് നിലനില്ക്കാമെന്ന സ്ഥിതി കൈവന്നു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2006 ജനുവരി 9-ന് നടത്തുകയും പ്രസ്തുത പണിപൂർത്തിയാക്കി സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചെരിപ്പ് കർമ്മം 2009 മാർച്ച് 17-ന് അഭിവന്ദ്യപിതാവ് നിർവ്വഹിച്ചു. ബഹു. കുളമ്പിലച്ചന്റെ പിൻഗാമിയായി 2010 ്രെബഫുവരി 17-ന് ബഹു. ആലയ്ക്കകുന്നേൽ ജോസച്ചൻ ചാർജ്ജെടുത്തു. മുൻഗാമികളുടെ കർമ്മമാർഗ്ഗങ്ങളിലൂടെതന്നെ ബഹു. അച്ചനും പ്രയാണം തുടർന്നു. പലവിധ കടമ്പകളും തരണം ചെയ്ത് 2012 മെയ് 21-ന് സ്കൂളിന് സി.ബി.എസ്.ഇ. അംഗീകാരം ലഭിച്ചു.
സമർപ്പിതവേലയ്ക്കായി ധാരാളം വൈദീകരെയും, സിസ്റ്റേഴ്സിനെയും വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നത് ഇടവകയ്ക്ക് അഭിമാനമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലും അവർ കർത്താവിനുവേണ്ടി വേല ചെയ്യുന്നു. ഇടവകയുടെ വളർച്ചയിൽ ഇവിടെ പ്രവർത്തിക്കുന്ന അൽമായ ഭക്തസംഘടനകളുടെ പങ്ക് പ്രസ്താവ്യമാണ്.
ലൂർദ്ദമാതാ സ്ക്കുളും സെന്റ് ജോസഫ് ആസ്പത്രിയും
1964 മുതൽ ബഹു. ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ സ്ക്കൂൾ മാത്രമായിരുന്നു മലയോര കർഷക മക്കളുടെ വിദ്യാഭ്യാസ കേന്ദ്രം. എത്രയോ ആയിരങ്ങളാണ് ഇൗ വിദ്യാലയത്തിൽനിന്ന് അക്ഷരവെളിച്ചവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ സുത്യർഹമായി ജീവിക്കുന്നത്. മലയോര പ്രദേശത്തുള്ള ജനതയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങൾക്ക് പെട്ടെന്ന് ആശ്രയിക്കാവുന്ന സ്ഥലം സെന്റ് ജോസഫ് ആശുപത്രിയാണ്.
പുതിയ ഇടവക പളളി
1964ൽ ഇടവകയായി രൂപം കൊണ്ട മംഗലംഡാം സെന്റ് സേവ്യേഴ്സ് പളളി മേലാർക്കോട് ഫൊറോനയുടെ കീഴിലായിരുന്നു. എന്നാൽ 2010 ജൂലൈ 3-ന് ഇൗ ഇടവക ഫൊറോനയായി ഉയർത്തപ്പെട്ടു. 13 പള്ളികളാണ് ഇൗ ഫൊറോനയിൽ ഉള്ളത്. ഇടവകയിൽ ജനസംഖ്യ വർദ്ധിച്ചതോടെ നിലവിലുള്ള ദൈവാലയം അപര്യാപ്തമായി അനുഭവപ്പെട്ടു. കാലത്തിനും ആവശ്യത്തിനും യോജിച്ച പുതിയ പളളി പണിയുവാനുളള അനുവാദം 370/2012 ലെ കല്പ്പനപ്രകാരം ലഭിച്ചു. പുതിയ പള്ളി പണിയുവാൻ ഇടവകജനങ്ങൾ ഒന്നടങ്കം മാനസികമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു. പള്ളിയോട് ചേർന്നുള്ള കുന്നിൻപ്രദേശം നിരപ്പാക്കിയിടത്ത് വിസ്തൃതമായ പുതിയപള്ളിയുടെ അടിസ്ഥാനശില അഭിവന്ദ്യ പിതാവ് 2012 മാർച്ച് 13-ന് ആശീർവ്വദിച്ച് സ്ഥാപിച്ചു. പുതിയ പള്ളിയുടെ വെഞ്ചെരിപ്പ് കർമ്മം നടന്നില്ലെങ്കിലും ബഹു. ക്രിസ്റ്റോ കാരക്കാടിന്റെ തിരുപ്പട്ടം 2013 ഡിസംബറിൽ ഇൗ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ബഹു. ജോസ് ആലയ്ക്കകുന്നേലച്ചന്റെ നേതൃത്വത്തിൽ പുതിയപള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കി. 2014 ജൂലൈ 26-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് ആശിർവാദകർമ്മം നിർവ്വഹിച്ച് ദിവ്യബലിയർപ്പിച്ചു. നിസ്തുലമായ സഹായസഹകരണങ്ങളാണ് ഇൗ ഇടവകാംഗങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടവകയുടെ അജപാലന ശുശ്രൂഷയിൽ ഇവിടത്തെ മൂന്ന് മഠങ്ങളിലെ ബഹു. സിസ്റ്റേഴ്സ് സജ്ജീവമായി പങ്കുചേരുന്നുണ്ട്. |