സെന്റ് വില്ല്യംസ് ചർച്ച്
എടത്തനാട്ടുകര
സ്ഥലനാമം
മണ്ണാർക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് മലനിരകളിൽ നിന്നാരംഭിച്ച് കടലുണ്ടിയിൽ പതിക്കുന്ന പുഴയായ വെള്ളിയാർ പുഴയുടെ ഇടതുഭാഗത്തുള്ള ഇൗ കരപ്രദേശത്തിന് ഇടത്-നാട്-കര ഇടത്തനാട്കര (എടത്തനാട്ടുകര) എന്നുപേര് നൽകിയത് സ്വഭാവികം.
ആദ്യനാളുകൾ
പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ മലകളാലും കുന്നുകളാലും അരുവികളാലും ചുറ്റപ്പെട്ട പ്രകൃതിരമണീയമായ കൊച്ചു ഗ്രാമമാണ് എടത്തനാട്ടുകര. 1970 കളിലാണ് ഇൗ ഭാഗത്തേക്ക് കുടിയേറ്റം ആരംഭിച്ചത്. ഇപ്പോഴത്തെ ദൈവാലയത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരെ ഒാടക്കുളത്ത് സെന്റ് ജോർജ്ജിന്റെ നാമത്തിൽ നിർമ്മിച്ച താൽക്കാലിക ഷെഡിൽ തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന കാഞ്ഞിരപ്പുഴയിൽ നിന്ന് ബഹു. അച്ചൻ1973 ഏപ്രിൽ 29-ന് ആദ്യമായി വിശുദ്ധബലിയർപ്പിച്ചു. സെന്റ് ജോർജ്ജ് പ്രയർ സെന്റർ എന്നാണിത് അറിയപ്പെട്ടിരുന്നത്. ഇൗ ഷെഡ് കാറ്റിൽ തകർന്നടിഞ്ഞപ്പോൾ ചേരിപ്പാടത്ത് ശ്രീ. അപ്പച്ചന്റെ വീട്ടിലായിരുന്നു കുർബാന അർപ്പിച്ചിരുന്നത്. ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ മണ്ണാർക്കാട് വികാരിയായി വന്നപ്പോൾ അദ്ദേഹം ഇവിടുത്തെ ആത്മതീയ കാര്യങ്ങൾ നിർവ്വഹിച്ചു പോന്നു. അദ്ദേഹം പടിക്കപ്പാടത്ത് കാപ്പുങ്കൽ കുട്ടിപ്പഹാജിയുടെ പക്കൽ നിന്നും രൂപതയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തോടെ വീടോടുകൂടിയ 11/2 ഏക്കർ സ്ഥലം വാങ്ങിച്ചു. വീടിന് ചില ക്രമീകരണ്ങ്ങൾ വരുത്തി 55/1975 (20.03.75) കല്പന പ്രകാരം ആഴ്ചയിൽ ഒരു ദിവസം ഇവിടെ കുർബാന അർപ്പിച്ചു പോന്നു. ഇവിടെ നിർമ്മലദാസി സഹോദരിമാർ താമസിച്ച് നഴ്സറി സ്കൂൾ നടത്തിയിരുന്നു.
പുതിയ പളളി നിർമ്മാണത്തിൽ
ബഹു. ഇരിമ്പനച്ചനുശേഷം വികാരിയായി ബഹു. പീറ്റർ കുരുതുകുളങ്ങരയച്ചനാണ് വന്നത്. ഉപ്പുകുളത്ത് ശ്രീ. പാറോക്കോട് ഹംസയിൽ നിന്ന് 90 സെന്റ് സ്ഥലം അദ്ദേഹം പള്ളിക്കായി വാങ്ങിച്ചു.1978 ഏപ്രിൽ 29-ാം തിയതി ജോസഫ് പാലക്കാട്ടുകുന്നേലച്ചൻ (എം.സി.ബി.എസ്) വികാരിയായി ചുമതലയേറ്റു. 1979 മെയ് 16-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് ഉപ്പുകുളത്ത് സെന്റ് വില്യംസിന്റെ നാമത്തിൽ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. സാമ്പത്തിക പരാധീനതകൾ മൂലം പള്ളിയുടെ പണി നീണ്ടുപോയി. 1982 ്രെബഫുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി ഇടവകക്കാരുടെ സഹകരണത്തോടെ ഒരു വർഷം കൊണ്ട് പണികൾ പൂർത്തിയാക്കി. ഇതോടൊപ്പം പളളിയോട് ചേർന്ന് സെമിത്തേരി നിർമ്മിച്ചതും വലിയ അനുഗ്രഹമായി. 1983 മാർച്ച് 19-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പുതിയ ദൈവാലയത്തിന്റെ വെഞ്ചെരിപ്പു കർമ്മം നടത്തി. അന്നുതന്നെ സെന്റ് വില്ല്യംസ് പള്ളിയെ 91/1983 കല്പന പ്രകാരം ഇടവകയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും പിതാവ് നടത്തി. അന്നുമുതൽ വികാരിയച്ചൻ പള്ളിയോടനുബന്ധിച്ചുള്ള മുറിയിലേക്ക് താമസം മാറ്റി. അച്ചൻ സ്ഥിരതാമസമാക്കിയതിനാൽ എല്ലാദിവസവും കുർബാനയ്ക്കുളള സൗകര്യം കൈവന്നു. പാലക്കാട് രൂപത നിലവിൽ വന്നതോടെ കാഞ്ഞിരപ്പുഴ വികാരി ബഹു. ഇരിമ്പനച്ചനാണ് ഇവിടെ ദിവ്യബലി അർപ്പിച്ചിരുന്നത്.
മഠവും സ്ക്കൂളും
1983 ്രെബഫുവരി 16-ാം തീയ്യതി കർമ്മലീത്താ സന്യാസിനികൾ ഇവിടെ സന്യാസ ഭവനം ആരംഭിച്ചു. ഇൗ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ശക്തമായ ശ്രദ്ധ ചെലുത്തുന്ന ബഹു. സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള സെന്റ് തോമസ് എൽ.പി സ്ക്കൂൾ 1983 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നു. മലയോരപ്രദേശത്തുള്ള ഇൗ സ്ഥാപനത്തെ ഹൈസ്ക്കൂളായി ഉയർത്താൻ വളരെ പരിശ്രമിച്ചിട്ടും ബന്ധപ്പെട്ട സർക്കാർ അധികാരികൾ ശ്രദ്ധിക്കാത്തതിനാൽ കുട്ടികൾ വളരെ ക്ലേശിക്കേണ്ടി വരുന്നു. ഇടവകയിലെ അജപാലന ശുശ്രൂഷയിൽ ബഹു. സിസ്റ്റേഴ്സിന്റെ നിസ്തുലസേവനം എടുത്തുപറയേണ്ടിയിരിക്കുന്നു.
1984 മെയ് 9-ന് ബഹു. ജോർജ്ജ് മാളിയേക്കൽ അച്ചൻ വികാരിയായി ചുമതലയേറ്റു. സാമൂഹ്യ പ്രതിബദ്ധതയോടെ നാട്ടുകാരെ സഹകരിപ്പിച്ച് കോട്ടപ്പള്ളയിൽ നിന്നും പൊൻപാറയിലേക്ക് റോഡ് നിർമ്മിക്കാൻ ബഹു. അച്ചൻ കാണിച്ച ധീരത ജാതിമതഭേദമെന്യേ എല്ലാവരും ഇന്നും ഒാർക്കുന്നുണ്ട്. ബഹു. വിൻസെന്റ് ഒല്ലൂക്കാരനച്ചൻ ഇപ്പോഴത്തെ വൈദികമന്ദിരത്തിന്റെ നിർമ്മിതിക്കും ബഹു. ജോർജ്ജ് എടത്തലയച്ചൻ സ്ഥിരം സ്റ്റേജിന്റെ നിർമ്മാണത്തിനും നേതൃത്വം നൽകി.
ഒാലപ്പാറ പ്രാർത്ഥനാലയം
മലയുടെ മുകളിൽ ഒാലപ്പാറ ഭാഗത്ത് താമസിക്കുന്ന വിശ്വാസികൾക്ക് ദൈവാലയത്തിൽ വരാനുളള യാത്രാക്ലേശം, കത്തോലിക്കാകുടുംബങ്ങളിലേയ്ക്ക് പന്തക്കുസ്ത വിഭാഗങ്ങളിൽപെട്ടവരുടെ നുഴഞ്ഞുകയറ്റം എന്നിവ കണക്കിലെടുത്ത് ശ്രീമതി ത്രേസ്യ കപ്പിലുമാക്കൽ ദാനം തന്ന സ്ഥലത്ത് ബഹു. സെബാസ്റ്റ്യൻ താമരശ്ശേരിയച്ചന്റെ നേതൃത്വത്തിൽ മാതാവിന്റെ നാമത്തിലുളള പ്രാർത്ഥനാലയം ആരംഭിച്ചു. കാലങ്ങളായി അവിടെ മാസത്തിൽ ഒരു ദിവസം വി. കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നുവരുന്നു.
ബഹു. തോമസ് ആരിശ്ശേരിയിലച്ചന്റെ കാലത്തു പണിതീർത്ത പാരിഷ്ഹാൾ ഇടവകകാർക്കും, നാട്ടുകാർക്കും വലിയ സഹായമായി മാറിയിട്ടുണ്ട്. ബഹു. ജോർജ്ജ് മാളിയേക്കൽ അച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത സെമിത്തേരി കപ്പേള അഭിവന്ദ്യ മനത്തോടത്ത് പിതാവ് 2003 ഡിസംബർ 20-ന് വെഞ്ചെിരിച്ചു. ഇപ്പോൾ ബഹു. ജസ്റ്റിൻ കോലകണ്ണിയച്ചനാണ് വികാരി.
2013 ഡിസംബർ 1-ന് കൂടിയ ഇടവക യോഗത്തിൽ പുതിയ പളളി പണിയുവാൻ തീരൂമാനിച്ചു. 2014 ജനുവരി 15-ന് പിതാവ് പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. 1990 കളുടെ അവസാനത്തിൽ 175 കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇന്നത് 120 ആയികുറഞ്ഞു. വന്യജീവികളുടെ ആക്രമണവും, അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി എന്നിവയുടെ അഭാവവും ജനങ്ങളെ ഇവിടം വിട്ട് കുറെകൂടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുന്നു. ഇടവകയെ 8 യൂണിറ്റുകളായി തിരിച്ച് കുടുംബ സമ്മേളനങ്ങൾ നടത്തുന്നുണ്ട്. മാസവരി, സ്തോത്രകാഴ്ച, വാർഷിക വിഹിതം എന്നിവയാണ് ഇടവകയുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ. ഭൂരിഭാഗം വിശ്വാസികളും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഇടവകക്കാരുടെയും ഗ്രാമവാസികളുടെയും മതസൗഹാർദ്ദം എടുത്തു പറയേണ്ട വസ്തുതയാണ്. |